വരുവിൻ ...നമുക്കു മാപ്പുപറയിക്കാം

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു ഉഷ ടി.ടി എന്ന  ഹൈന്ദവ സഹോദരിയുടെ വീഡിയോയാണല്ലോ. ഒരു പെന്തക്കൊസ്തുകാരി പ്രച്ഛന്നവേഷത്തിൽ ശബരിമലയിൽ കയറിയെന്നും,  പെന്തക്കോസ്തുകാർ യേശുവിന്റെ അമ്മയെ ബഹുമാനിക്കാത്തവരാണ് , ക്രിസ്തുമസ്സ്  ആഘോഷിക്കാത്തവരാണ്,അവർക്കു അമ്പലത്തിലെ പ്രസാദം കൊടുത്താൽ തട്ടിത്തെറിപ്പിക്കുന്നവരാണെന്നുമൊക്കെയാണ് ഈ സഹോദരി വീഡിയോയിലൂടെ കേൾപ്പിക്കുന്നതു. പെന്തക്കോസ്തുകാർക്കു യേശുവിന്റെ അമ്മയെ ബഹുമാനമില്ലെന്നു അവർ പറഞ്ഞതിന്റെ അടിസ്ഥാനമെന്തെന്നറിയില്ല. ക്രിസ്തുമസ്സ് ആഘോഷിക്കണോ വേണ്ടയോ എന്ന വിഷയം പെന്തക്കോസ്തുകാരുടെ കാര്യമാണ് .അതിൽ സഹോദരിക്കെന്താണ് പ്രശ്നം. അമ്പലത്തിലെ പ്രസാദം അവർ തട്ടിത്തെറിപ്പിക്കുന്നു എന്നു പറയുന്നു. നിങ്ങൾ അവർക്കു പ്രസാദം കൊടുത്തപ്പോൾ ഭൂരിഭാഗം പെന്തക്കോസ്തുകാരും അതു നിരസിച്ചിട്ടുണ്ടാകും (തട്ടിത്തെറിപ്പിക്കുവാൻ യാതൊരു സാധ്യതയുമില്ല) അതവരുടെ വിശ്വാസത്തിന്റെ കാര്യമാണ്. ഹിന്ദുക്കൾ  പ്രസാദം നൽകിയാൽ ക്രിസ്‌ത്യാനികൾ  വാങ്ങിച്ചിരിക്കണം എന്നു  ഹിന്ദുക്കളും, ക്രിസ്തുമസ്സ് എല്ലാ ഹിന്ദുക്കളും ആഘോഷിക്കണം എന്നു ക്രിസ്ത്യാനിയോ പറയാറുണ്ടോ? അങ്ങിനെ പറയാൻ പാടുള്ളതുമല്ല. (പെന്തക്കോസ്തുകാർക്ക് ഇനിമുതൽ നിങ്ങൾ പ്രസാദം കൊടുക്കാതിരിക്കുക അപ്പോൾ വിഷയം തീർന്നല്ലോ)

          ശാസ്ത്രത്തിന്റെയോ യുക്തിയുടെയോ യാതൊരു അടിസ്ഥാനവുമില്ലാത്ത പുരാണങ്ങളെയോ, അമ്മൂമ്മക്കഥകളെയോ പെന്തക്കോസ്തുകാർ  ചോദ്യം ചെയ്യുന്നുണ്ടോ? പത്നീവൃതശങ്കയിൽ സീതയെ കാട്ടിലുപേക്ഷിച്ച  രാമൻ നിങ്ങളുടെ ഹീറോ ആയിരിക്കാം എന്നാൽ തന്റെ അധികാര പരിധിയിൽ ലഭിച്ചിട്ടും സീതയെ യാതൊരു തരത്തിലും ഉപദ്രവിക്കുവാൻ തയ്യാറാകാത്ത രാവണൻ ആയിരിക്കും മറ്റുള്ളവരുടെ ഹീറോ.അയ്യപ്പ ജനനമോ,അവതാരങ്ങളുടെ ക്രമത്തിൽ വന്ന സംശയങ്ങൾ (വിഷ്ണു മൊത്തം 26 അവതാരങ്ങൾ എടുത്തിട്ടുണ്ട് അതിൽ അഞ്ചാമത്തെ അവതാരമായ വാമനനും ആറാമത്തെ അവതാരമായ പരശുരാമനും തമ്മിലുള്ള ക്രമ വ്യത്യാസമോ .... ഈ വിഷയങ്ങളൊന്നും ഞങ്ങൾ ചോദ്യം ചെയ്യുന്നില്ലല്ലോ? നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിൽ ജീവിച്ചുകൊള്ളുക മറ്റുള്ളവർ അവരുടെ വിശ്വാസത്തിൽ ജീവിച്ചുകൊള്ളും. ശബരിമലയിൽ സ്ത്രീ പ്രവേശനം നൽകുകയോ നല്കാതിരിക്കുകയോ ചെയ്യാം അതു പെന്തക്കോസ്തുകാരുടെ വിഷയമല്ല .സർക്കാരും ഭക്തരും കോടതിയും കൂടി തീരുമാനിക്കേണ്ട കാര്യമാണ് ആ വിഷയത്തിൽ നിന്നും ഞങ്ങളെ ഒഴിവാക്കുക .ശബരിമലയിൽ പ്രവേശിച്ച കനകദുർഗയും,ബിന്ദുവും വ്രതം എടുത്താണ് മലയ്ക്കു പോയതെന്നു അവർ എല്ലായിടത്തും പ്രസ്താവിച്ചിട്ടുണ്ട് പിന്നെങ്ങിനെ അവർ പെന്തക്കോസ്തുകാരാകും. ഒരു പക്ഷെ ഉഷാ സഹോദരിയെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കാം അതു മനസ്സിലാക്കി തിരുത്തുവാൻ ശ്രമിക്കുക. അല്ലെങ്കിൽ ഓട്ടക്കാരൻ ഗോപിയെപോലെ ലജ്ജയായതിൽ മാനം തോന്നിയിട്ടായിരിക്കും .(നിങ്ങൾ നടത്തിയ ഹർത്താലിന്റെ പേരിൽ പെന്തക്കോസ്തുകാരും  ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ടെന്നോർക്കുക.) 

      സഹോദരിയോയുടെ വീഡിയോ അധികാരികളുടെ മുന്നിൽ എത്രയും വേഗം എത്തിക്കുകയും അവരെക്കൊണ്ടു മാപ്പു പറയിക്കുകയും വേണമെന്നാണു ചില പെന്തക്കോസ്തുകാരുടെ ആഗ്രഹം .  ഇങ്ങിനെ ആഗ്രഹിക്കുന്നവരെക്കുറിച്ചു  എന്തുപറയാനാണ്. നാം ഏതു ആത്മാവിനു അധീനർ എന്നു മറന്നു പോകരുത്. ഈ സഹോദരിയെക്കൊണ്ടു മാപ്പു പറയിച്ചിട്ടു   പെന്തക്കോസ്തുകാർക്കു മനസ്സുഖം കിട്ടുമെങ്കിൽ അതു ശരിയായ കാര്യമാണെന്നു തോന്നുന്നില്ല.  നാം വലിയ സംഘടിത ശക്തിയാണ് നമ്മുടെ വീഡിയോ ഷെയർ മഹാമഹം കൊണ്ട്  പോലീസ് അധികാരികൾ അവർക്കെതിരെ കേസ്സെടുത്തു പിന്നീട് അവർ മാപ്പെഴുതി തന്നു എന്നു മറ്റുള്ളവരെ അറിയിക്കാനുള്ള  വ്യഗ്രതയിൽ നാം ആത്മീക മൂല്യങ്ങൾ മറന്നു പോകരുത്. ഇങ്ങിനെയുള്ള ചിന്തകൾ സ്നേഹത്തിന്റെ ആത്മാവിൽ നിന്നാണോ എന്നുറപ്പുവരുത്തുന്നതു നന്നായിരിക്കും.പിശാചിന്റെ തന്ത്രങ്ങളിൽ നാം കുടുങ്ങി പോകരുത്. അവർ മാപ്പു പറയേണ്ട സാഹചര്യം വന്നാൽ പിന്നീടെപ്പോഴെങ്കിലും നാം പ്രസംഗിക്കുന്ന ഈ യേശുവിനെ അവർ സ്വീകരിക്കുവാൻ ബുദ്ധിമുട്ടുവരാൻ സാധ്യതയില്ല? ഇന്നു മാപ്പു പറയിക്കും, നാളെ അവരുടെ വീട്ടിലേയ്ക്കു സ്തോത്രത്തിന്റെ അകമ്പടിയോടെ മാർച്ചാകാം (ചില വർഷങ്ങൾക്കു മുൻപ് നാഷണൽ ഹൈവേ ബ്ലോക്ക് ചെയ്തു പ്രാർത്ഥനാ മീറ്റിങ്ങു നടത്തിയ പെന്തക്കോസ്തുകാരുമുണ്ടിവിടെ ,നമുക്കുമൊരു എം.എൽ.എ വേണമെന്നു ലേഖനം എഴുതിയ വലിയ സഭയുടെ ഇടയനും ഈ പെന്തക്കൊസ്തിൽ തന്നെയാണ് .) പിന്നീട് ധർണ്ണയും ഹർത്താലും തുടങ്ങിയ കലാപരിപാടികൾ അടുത്ത തലമുറ ഏറ്റെടുക്കും അങ്ങിനെ നമ്മുടെ പാപത്തിൻന്റെ പട്ടിക അടുത്ത തലമുറ പൂരിപ്പിക്കും.അവർ വീഡിയോയിൽ പറഞ്ഞ പ്രസ്താവനയ്ക്ക് തെളിവ് ചോദിക്കുക അല്ലെങ്കിൽ നമ്മുടെ നയം വ്യക്തമാക്കുക അതല്ലേ ഉചിതം. 

       റ്റൊരു വലിയ ഭക്തൻ പറയുന്നു. ശബരിമലയിൽ പെന്തക്കോസ്തുകാർ പോയിട്ടുണ്ട് പള്ളികളിലും അമ്പലങ്ങളിലും കുടിയിരിക്കുന്ന ആത്മാവിൻെറ ശാസിച്ചിട്ടുണ്ട് ഈ ഭക്തനും അതു ചെയ്തിട്ടുണ്ടെന്നും കുറ്റസമ്മതവും അദ്ദേഹം നടത്തുന്നു. (എന്തായാലും അവിടുത്തെ വിഗ്രഹം മോഷ്ടിച്ചു എന്നോ, നേർച്ചപ്പെട്ടി കവർച്ച ചെയ്തെന്നോ പറയാതിരുന്നതു ഭാഗ്യം) താങ്കൾ ക്ഷേത്രത്തിൽ പോയി അവിടിരിക്കുന്ന ആത്മാവിനെ ശാസിച്ചതു തെറ്റാണെന്നു തോന്നുന്നെങ്കിൽ  ക്ഷേത്രഭാരവാഹികളെ കണ്ടു മാപ്പു പറയുകയോ,തന്ത്രവിധി അനുസരിച്ചു ഇറങ്ങിപ്പോയ ശക്തിയെ ആവാഹിച്ചു കുടിയിരുത്താനുള്ള കർമ്മങ്ങൾ വേഗത്തിൽ ചെയ്യാൻ തുടങ്ങുക.(താങ്കൾ വിളിച്ചാൽ അവിടെനിന്നിറങ്ങിപോയ  ശക്തികളെല്ലാം കൂട്ടമായി മടങ്ങി വരും ഉറപ്പാണ് കാരണം നിങ്ങളിപ്പോൾ അടുത്ത സുഹൃത്തുക്കളാണല്ലോ.) ഇങ്ങിനെയുള്ള  പ്രസ്താവനകളെല്ലാം   വലഞ്ഞുപോയ നീതിമാന്മാരുടെ ജല്പനങ്ങളാണെന്നു മനസ്സിലാക്കുവാൻ വലിയ ബുദ്ധിമുട്ടില്ല.   ആത്മാവിനെ ശാസിക്കലും ഭത്സിക്കലും വചനപ്രകാരം പെന്തക്കോസ്തുകാർ ചെയ്തുകൊള്ളും അതിനു താങ്കൾ ബുദ്ധിമുട്ടേണ്ടതില്ല സഹോദരാ... (ആത്മാവിനെ ശാസിക്കുന്നതിനു കേസെടുക്കാൻ നിയമവ്യവസ്ഥയില്ലല്ലോ,അങ്ങിനെയുണ്ടെങ്കിൽ ശത്രുസംഹാരക്രിയയിൽ നിന്നു തുടങ്ങാവുന്നതാണു.) 

Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി