ഗിലെയാദിലെ വൈദ്യൻ യേശുക്രിസ്തുവോ?


ഗിലയാദിൽ സുഗന്ധതൈലം ഇല്ലയോ, അവിടെ വൈദ്യൻ ഇല്ലയോ എന്റെ ജനത്തിന്റെ പുത്രിക്കു രോഗശമനം വരാതിരിക്കുന്നതെന്തു? ഈ വാക്ക്യം യിരെമ്യാ (8:22) ഇൽ നാം വായിക്കുന്നു. മിക്കവർക്കും വേദപുസ്തകത്തിലെ  ഈ വാക്ക്യം സുപരിചിതമാണ്. രോഗികളെ സന്ദർശിക്കുമ്പോളാണ് ഈ വാക്ക്യം വായിച്ചു പൊതുവെ പ്രാർത്ഥിക്കാറുള്ളത്. ഗിലയാദിലെ വൈദ്യനായ യേശുവേ,ഗിലെയാദിലെ സുഗന്ധ തൈലം പൂശി ഈ രോഗിയെ സൗഖ്യമാക്കണം എന്നുമൊക്കെയാണ് മറ്റുചിലർ   പ്രാർത്ഥിക്കാറുള്ളത്.എന്നാൽ ഗിലെയാദ്‌ എവിടെയാണ്? അവിടുത്തെ സുഗന്ധ തൈലത്തിന്റെ വിശേഷത എന്താണ്? ഗിലെയാദിലെ വൈദ്യൻ ആരാണ്? എന്നു ആത്മാർത്ഥമായി ചിന്തിക്കുന്നതു നന്നായിരിക്കും.കേട്ടുകേൾവിയോ,പാസ്റ്റർമാരോ,പ്രവാചകന്മാരോ ഇങ്ങിനെ പ്രാർത്ഥിച്ചിട്ടുണ്ട്,ഏതോ കൺവൻഷനിൽ ഈ പാട്ടു പാടി ഞങ്ങൾ ആരാധിച്ചിട്ടുണ്ട്  അവർ പഠിപ്പിച്ചതും ഇങ്ങിനെയാണ്‌ അതുകൊണ്ടു ഞങ്ങൾ അതു ചെയ്യുന്നു എന്നു പറയുവാൻ പാടില്ല.കാരണം തെറ്റു തിരുത്തുവാനുള്ള അവസരവും ദൈവം ദൈവമക്കൾക്കു നൽകുന്നുണ്ട്. "തിരുവെഴുത്ത് എന്തു പറയുന്നു" (റോമൻസ് 4:2) എന്നതിന്റെ അടിസ്ഥാനത്തിലാകണം ഒരു ദൈവ പൈതലിന്റെ ജീവിതവും ദൈവവചന പഠനവും. 

ഗിലെയാദ്‌: യോർദ്ദാൻ നദിയുടെ കിഴക്കു ഭാഗത്തായി മലനിരകളുള്ള പട്ടണമായിരുന്നു ഈ സ്ഥലം.ഗിലെയാദിന്റെ പഴയ പേരു യെഗർ-സഹദൂഥ (സാക്ഷ്യത്തിന്റെ കൂമ്പാരം) ഉല്പത്തി (31:21,47) എന്നായിരുന്നു. ഗിലെയാദിൽ നിന്നും സാബ്രാണിയും,സുഗന്ധപ്പശയും,സന്നിനായകവും മിസ്രയീമിലേയ്ക്ക് കൊണ്ടുപോകുന്ന യിശ്മായേല്യ കൂട്ടങ്ങളെ (ഉല്പത്തി 37:25) കാണുന്നു. ഗിലെയാദ്‌ അമോര്യദേശമായിരുന്നു. ഇരുപത്തിരണ്ടു സംവത്സരം യിസ്രായേലിന്നു ന്യായാധിപനായിരുന്ന യായീർ,യിഫ്താഹ് തുടങ്ങിയവർ ഈ ദേശക്കാരനായിരുന്നു (ന്യായാധിപന്മാർ 10:8)  ഗിലെയാദിലെ സുഗന്ധ തൈലം: ഗിലെയാദ്‌ മലഞ്ചരുവിൽ ഇടതൂർന്നു വളരുന്ന  നിത്യഹരിത സസ്യങ്ങൾ ഇടിച്ചു പിഴിഞ്ഞെടുക്കുന്ന ഔഷധക്കൂട്ടാണ് ഗിലെയാദിലെ തൈലം എന്നും,ഗിലെയാദിലെ മാസ്റ്റിക് എന്ന പേരിലറിയപ്പെട്ടിരുന്ന ചില വൃക്ഷങ്ങളുടെ തൊലിയിൽ മുറിവുണ്ടാക്കുകയും ചില ദിവസങ്ങൾ കഴിയുമ്പോൾ അതിൽ നിന്ന് വരുന്ന പശയുള്ള കറകൾ ശേഖരിച്ചുണ്ടാക്കുന്ന പ്രത്യേക തൈലമാണിതെന്നും,ഈജിപ്റ്റുകാർ ഇതു രോഗീലേപനമായി ഉപയോഗിച്ചിരുന്നതായും,വളരെ  വിലപിടിപ്പുള്ളതും, സുഗന്ധവുമുള്ള  പ്രസിദ്ധിയാര്ജിച്ച പെർഫ്യൂം ലഭിക്കുന്ന സ്ഥലമായിരുന്നു ഇതെന്നും ചരിത്രം പറയുന്നു.

രുമ്പുലയായ മിസ്രയീമിൽ നിന്നും യിസ്രായേൽ ജനത്തെ ദൈവം മോശെ മുഖാന്തിരം കനാൻ നാട്ടിലേയ്ക്ക്  നടത്തുന്നതായി നാം വായിക്കുന്നു. പെസഹായും ചോരത്തളിയും ആചരിച്ചു അത്ഭുതങ്ങളുടെയും, അടയാളങ്ങളുടെയും അകമ്പടിയോടെ പന്ത്രണ്ടു ഗോത്രങ്ങളുമായി ഇറങ്ങിത്തിരിച്ച  യിസ്രായേൽ ജനം, പുറപ്പെടുമ്പോൾ അവരുടെ ഗോത്രത്തിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.അവർ ഗിലെയാദിൽ എത്തിച്ചേർന്നപ്പോൾ ജനത്തിലെ രണ്ടര ഗോത്രങ്ങൾ രൂബേന്യരും, ഗാദ്യരും,മനശ്ശെയുടെ പാതിഗോത്രവും (സംഖ്യാ 32:1-17) അവർ മോശയോട് പറഞ്ഞു മോശെ ഞങ്ങൾക്കു ഇവിടെ താമസിക്കുവാനുള്ള അനുവാദം തരണം ആടുമാടുകൾക്കു കൊള്ളാവുന്ന ദേശമാണിത് ഞങ്ങളെ യോർദ്ദാന്നക്കരെ (കനാൻ) കൊണ്ടു പോകരുതേ.അങ്ങിനെ അവർ അവിടെ താമസം തുടങ്ങി.വളരെ സമൃദ്ധിയുള്ള പട്ടണം, നല്ല ആശുപത്രിയും പ്രസിദ്ധന്മാരായ വൈദ്യന്മാരും ഉള്ള  പട്ടണം, ആടുവളർത്തൽ ബിസ്സിനസ്സ് ചെയ്യുവാൻ സാധ്യതയുള്ളതുമായ ഈ ദേശം അവർ തിരഞ്ഞെടുത്തു. അപ്പോഴും ബാക്കി ഒൻപതര ഗോത്രക്കാർ യോർദ്ദാന്ന ക്കരെയുള്ള കനാനിലേക്കുള്ള പ്രയാണം  തുടരുകയായി രുന്നു. ഒരു ചോദ്യം അവശേഷി ക്കുന്നു എല്ലാം ഉപേക്ഷിച്ചു കനാൻ നാട്ടിലേയ്ക്ക് യാത്രയായ ഒൻപതര ഗോത്രത്തോടൊപ്പമോ ദൈവം? അതോ വഴിയിൽ യാത്ര അവസാനിപ്പിച്ച  രണ്ടര ഗോത്രക്കാരോടൊപ്പമോ?   

ഗിലെയാദിലെ നന്മകൾ അനുഭവിക്കുവാൻ ഒൻപതര ഗോത്രക്കാർക്കു കഴിഞ്ഞില്ലെങ്കിലും വിളിച്ചവന്റെ വാക്കനുസരിക്കുവാൻ അവർ തയ്യാറായി. സമൃദ്ധിയുടെ മേച്ചൽ പുറങ്ങളിൽ ആടുവളർത്തൽ തെഴിലാക്കി രണ്ടര ഗോത്രക്കാർ അവിടെ താമസം ഉറപ്പിച്ചപ്പോൾ അനുസരണം കെട്ടവരുടെ മേൽ വരുവാൻ പോകുന്ന ശിക്ഷയുടെ ആഴം മനസ്സിലാക്കുവാൻ അവർക്കു കഴിഞ്ഞുമില്ല. കാരണം പുതിയ നിയമത്തിൽ (മർക്കോ 5:1,മത്താ 8:28,ലൂക്കോ 8:24) യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷാ വേളയിൽ ഗദര ദേശത്തു എത്തുകയും ലെഗ്യോൻ ബാധിച്ച മനുഷ്യൻ കല്ലറകളിൽ നിന്നു വരികയും അവന്റെ പാർപ്പു കല്ലറകളിൽ ആയിരുന്നു ആർക്കും അവനെ മെരുക്കി കൂടായിരുന്നു. യേശു അവനിലുള്ള ഭൂതത്തെ ശാസിക്കുകയും പന്നിക്കൂട്ടങ്ങളിലേയ്ക്കു അയക്കുവാൻ ലെഗ്യോൻ അനുവാദം ചോദിക്കുകയും പന്നിക്കൂട്ടങ്ങൾ കൂട്ടത്തോടെ വെള്ളത്തിൽ ചത്തുപോകുന്നതും,അവരുടെ ബിസിനസ്സ് പന്നിക്കൂട്ടമാകയാൽ അതു നഷ്ട്ടമാകുന്നതു ആ ദേശക്കാർക്കു സഹിച്ചുകൂടാഞ്ഞു അതുകൊണ്ടു, അവരുടെ അതിര് വിട്ടു പോകുവാൻ യേശുവിനോടു അപക്ഷിക്കുന്നതും നാം വായിക്കുന്നു.ഈ  ഗിലെയാദ്‌ ദേശമാണ് പിന്നീട്  ഗദര  ദേശമായി മാറിയതു എന്ന  നടുക്കുന്ന സത്യം നാം ഓർക്കാതെ പോകരുത്. (രാമൊത്തു ഗിലെയാദ്‌ എന്നും യാബേഷ് ഗിലെയാദ്‌ എന്നും ഇതിനെ തിരിച്ചിരുന്നു അതിലെ ഒരു സ്ഥലമായിരുന്നു ഗദര) വല്യപ്പച്ചന്മാർ ആടുവളർത്താൻ തിരഞ്ഞെടുത്ത ദേശം കൊച്ചുമക്കൾ പന്നിവളർത്താൻ തിരഞ്ഞെടുത്തു.യോർദ്ദാന്നക്കരെയുള്ള കനാൻ ദേശം വേണ്ടെന്നു പറഞ്ഞവർ, രാത്രിയും,പകലും അഗ്നിസ്തംഭവും,മേഘസ്തംഭവും കണ്ടു ദൈവത്തെ വിളിച്ചവരുടെ തലമുറ, രാവും പകലും കല്ലറയിൽ നിലവിളിച്ചു കൊണ്ടു നടക്കുന്നു.പട്ടണത്തിൽ താമസം തുടങ്ങിയവരുടെ പിന്തലമുറ കല്ലറകളിൽ താമസിക്കുന്നു.ഗിലെയാദിലെ സകല വൈദ്യന്മാരുടെ അടുക്കൽ അവനെ കൊണ്ടുപോയിട്ടും,സുഗന്ധ തൈലം പൂശിയിട്ടും അവനിലുള്ള അശുദ്ധാത്മാവു വിട്ടുപോയില്ല.അവസാനം ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവയാകുന്നു എന്നരുളിചെയ്തവന്റെ അടുക്കൽ വരേണ്ടി വന്നു അവനു സൗഖ്യമാകുവാൻ.യിരെമ്യാ (46:11)ഗിലെയാദിൽ ചെന്നു തൈലം വാങ്ങിയിട്ടും യിസ്രായേലിനു സൗഖ്യം കിട്ടിയില്ല എന്നു വായിക്കുന്നു..

വാക്ക്യം ശ്രദ്ധിച്ചു വായിച്ചാൽ മനസ്സിലാകും യഹോവ അവരോടു ചോദിക്കുകയാണ് (ആന്തരീക സൗഖ്യത്തെ കുറിച്ചാണ് അവിടെ പറയുന്നത്) ഗിലെയാദിലെ വൈദ്യന്മാരുണ്ടായിട്ടും,സുഗന്ധ തൈലം ഉണ്ടായിട്ടും യിസ്രായേൽ ജനത്തിനു ആന്തരീക സൗഖ്യം കിട്ടാത്തതു എന്തു? പത്രോസ് ശ്ലീഹ പറയുന്നത് ഗിലെയാദിലെ സുഗന്ധ തൈലം കൊണ്ട് സൗഖ്യമാക്കട്ടെ എന്നല്ല,യേശുവിന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു എന്നാണു.(1 പത്രോ 2:24) രോഗിക്കു വൈദ്യൻ ഗിലെയാദിലുണ്ടല്ലോ ഗിലെയാദിലെ ഔഷധ തൈലം ഉണ്ടല്ലോ.....എന്നൊക്കെ ആവേശത്തിൽ പാടുന്നത് ശരിയാണോ എന്ന് ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും. സാത്താൻ വളരെ തന്ത്രശാലിയാണ് വചനം കോട്ടിക്കളയുക എന്നതാണ് അവന്റെ പ്രധാന പരിപാടി. നിത്യതയുടെ മനോഹര തീരത്തേയ്ക്കാണ് ഒരു വിശ്വാസിയുടെ യാത്ര എങ്കിലും വഴിയിൽ വാസം ഉറപ്പിക്കുവാനുള്ള സമൃദ്ധിയുടെ സുവിശേഷവും, രോഗശാന്തിയുടെ തൈലാഭിഷേകം നടത്തുന്ന മുറിവൈദ്യന്മാരെയും, മരുഭൂമിയും,ചെങ്കടലും,യോർദ്ദാനും, ഉഗ്രജാതികളും വഴിയിൽ കണ്ടേക്കാവും എങ്കിലും വിളിച്ചവന്റെ വാക്കിനു വിലകൊടുത്തുകൊണ്ടു മുന്നേറാൻ തയ്യാറായാൽ നാമും നമ്മുടെ തലമുറയും നശിച്ചുപോകാതെ ദൈവ സന്നിധിയിൽ കാണപ്പെടും എന്നതിൽ സംശയമില്ല.ഗിലെയാദിലെ സുഗന്ധ തൈലത്തിനു ഒരു രോഗവും മാറ്റാൻ കഴിയില്ലെന്നും,ഗിലെയാദിലെ വൈദ്യൻ യേശുക്രിസ്തുവല്ല എന്നെഴുതിക്കൊണ്ടു നിർത്തട്ടെ.(മറ്റുള്ളവരിലും ഈ സന്ദേശം എത്തിക്കുവാൻ കഴിയുമെങ്കിൽ ഷെയർ ചെയ്യുക) 

സിനായ് വോയ്സിന്റെ വായനക്കാര്‍ക്ക്  പുതുവത്സരാശംസകള്‍ നേരുന്നു.നിങ്ങളോടൊപ്പം സിനായ് വോയ്സും ഒരു വര്ഷം കൂടി പിന്നിടുകയാണ്.നിങ്ങൾ കാണിക്കുന്ന എല്ലാ സ്നേഹത്തിനും സഹകരണങ്ങൾക്കും നന്ദി അറിയിക്കുന്നു. കഴിയുമെങ്കിൽ മറ്റുള്ളവരിലും സിനായ് വോയ്സിലെ സന്ദേശങ്ങൾ എത്തിക്കുവാൻ ഷെയർ ചെയ്യുക.  മറ്റുള്ളവര്‍ക്കത്  അനുഗ്രഹമാകട്ടെ.....എല്ലാ മഹത്വവും,മാനവും  ദൈവത്തിനു അര്പ്പിച്ചു കൊണ്ട്...ആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞു കൊണ്ടും താഴെക്കിടക്കുന്ന അഗാധജലം കൊണ്ടും സൂര്യനാല്‍ ഉളവാകുന്ന വിശേഷഫലം കൊണ്ടും പ്രതി മാസചന്ദ്രനാല്‍ ഉളവാകും വിശിഷ്ട ഫലംകൊണ്ടും പുരാതന പര്‍വതങ്ങളുടെ ശ്രേഷ്ട്രസാധനങ്ങള്‍കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കള്‍കൊണ്ടും  ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധി കൊണ്ടും (deut 33:13-15) ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പുതുവര്‍ഷത്തിലും അനുഗ്രഹിക്കുമാറാകട്ടെ എന്നാശംസിച്ചുകൊണ്ട്,ക്രിസ്തുവിൽ സ്നേഹപൂർവ്വം (Sinai Voice)Comments

  1. വളരെ നല്ല സന്ദേശം .എന്നാല് ഗിലയാധിൽ നിന്നവർ മാത്രമല്ല കാനാനിൽ പ്രവേശിച്ചവരും ഒരുപോലെ തന്നെ ദൈവത്തിൽ നിന്ന് അകന്നു പോയി അതാണ് വസ്തുത. കനാനിൽ പ്രവേഷിച്ചവർക്കും അല്ലാത്തവർക്കും ക്രിസ്തുവിൽ കൂടിയുള്ള ദൈവപ്രസദം ആവശ്യമാണ്.

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി