Wednesday, April 26, 2017

നിങ്ങള്‍ ഏതു ഗ്രൂപ്പുകാര്‍

സഹോദരന്മാരെ,നിങ്ങളുടെ ഇടയില്‍ പിണക്കം ഉണ്ടെന്നു ക്ലോവയുടെ ആളുകളാല്‍ എനിക്ക് അറിവ് കിട്ടിയിരിക്കുന്നു.നിങ്ങളില്‍ ഓരോരുത്തര്‍ ഞാന്‍ പൌലോസിന്റെ പക്ഷക്കാരന്‍,ഞാന്‍ അപ്പൊല്ലോസി ന്റെ  പക്ഷക്കാ രന്‍,ഞാന്‍ കേഫാവിന്റെ പക്ഷക്കാരന്‍,ഞാന്‍ ക്രിസ്തുവിന്റെ പക്ഷക്കാ രന്‍ എന്നിങ്ങനെ പറയുന്നപോല്‍..(1കൊരി1:11,12.)ഞാന്‍ ചര്‍ച്ച്‌  ഓഫ്  ഗോഡ്,ഏ.ജി,ഐ പി സി  കത്തോലിക്കാ,യാക്കോബായ,മാര്‍ത്തോമ എന്നീ പക്ഷക്കാരന്‍ എന്ന്  ഇക്കാലത്ത് ചിലര്‍ പറയുന്നപോല്‍.അടുത്ത ചര്‍ച്ചിന്റെ വാര്‍ഷിക മീറ്റിങ്ങിനു ഞങ്ങളെ സഭയായി ക്ഷണിച്ചില്ലെന്ന കാരണത്താല്‍ നമ്മുടെ സഭയില്‍ നിന്നാരും ആ മീറ്റിങ്ങിനു പോകരുതെന്ന പറയുന്ന ചില ഇടയന്മാരും,പെന്റെകൊസ്റ്റ് മീറ്റിങ്ങിനു വിളിച്ചെന്ന കാരണത്താല്‍ പോകരുതെന്ന്(സത്യം മനസ്സിലാക്കി സഭവിട്ടു പോകുമെന്ന ഭയം മൂലം)പറയുന്ന പുരോഹിതന്മാരും സഭകളിലുണ്ട്.സഭാസ്പിരിറ്റ്‌ സംഘടന സ്പിരിട്ടിലേക്ക്  പടര്‍ന്നു കയറിയിരിക്കുന്നു.ക്രിസ്തുവില്‍ എല്ലാവരും ഒന്നായിരിക്കണമെന്നു ഇവര്‍ മറന്നുപോകുന്നില്ലേ .ഇക്കൂട്ടര്‍ ഞങ്ങളുടെ സംഘടനയെയും ഇടയന്മാരെയും അനുഗ്രഹിക്കണമെന്ന്  പ്രാര്‍ത്ഥിക്കുമ്പോള്‍തന്നെ യേശുക്രിസ്തു തന്റെ രക്തത്താല്‍ സമ്പാദിച്ച സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാറില്ല.പരസ്പരം കലഹവും,കക്ഷിവഴക്കും,ഗ്രൂപ്പുകളിയും ഇവര്‍ക്കിടയില്‍ നിത്യസംഭവങ്ങളായിരിക്കുന്നു. അധികാര കസേരക്കുവേണ്ടി പലരും പക്ഷം പിടിക്കുകയാണ് .സത്യത്തിന്റെ പക്ഷത്തുനില്‍ക്കാന്‍   ആരുമില്ല. ഏതു നേതാവിന്റെ കൂടെയും അണികള്‍ കാണും.കോരഹിന്റെ കൂടെയും, ശലോമോന്റെയും, രെഹബിയമിയും, ഉസ്സയുടെയും,യോരോബയമിന്റെ കൂടെയും അനവധിപേര്‍ ഉണ്ടായിരുന്നു.രാജ്യവും,രാജാക്കന്മാരും ഇവര്‍ക്ക് പിന്തുണ നല്‍കിയെങ്കിലും പിന്നത്തേതില്‍ ഇവരുടെ തകര്‍ച്ചയ്ക്ക്  ഇതെല്ലാം വഴി തെളിച്ചു എന്ന സത്യം ചരിത്രത്തില്‍ വായിക്കുവാന്‍ കഴിയും.ചിലവര്‍ഷങ്ങള്‍ക്കുമുന്പു റേഡിയോ തുടങ്ങിയ പല മാധ്യമങ്ങളിലൂടെയും അനേകരോട് സുവിശേഷം അറിയിച്ച ഒരു ദൈവദാസന്‍ അച്ഛന്‍ കുപ്പായം ഇട്ട്‌,കയ്യും കാലും മുത്തിക്കാന്‍ ഇറങ്ങി തിരിച്ചപ്പോള്‍ അദേഹത്തിന് പിന്നാലെയും കൂടാന്‍ ധാരാളം ആളുകള്‍ ഉണ്ടായി.

    വിദേശ മെത്രാന്‍ കേരളത്തില്‍ വന്നപ്പോള്‍ "അമ്മയെ ഞങ്ങള്‍ മറന്നാലും അന്തോക്ക്യയെ മറക്കില്ല"എന്ന മുദ്രാവാക്യം വിളിച്ചു കേരള ജനതയപോലും നാണം കെടുത്തിയ സംഭവം നടന്നിട്ട് അതികകാലം ആയില്ല.ഈ മുദ്രാവാക്യം കേട്ടുകൊണ്ട് വേദിയില്‍ ഇരുന്ന മുഖ്യമന്ത്രി തലയാട്ടിയതും മാധ്യമങ്ങളിലൂടെ കേരളക്കാര്‍ വായിച്ചറിഞ്ഞു.നിനക്ക് നന്മയുണ്ടാകുവാനും ദീര്‍ഘയുസ്സുണ്ടാവു വാനും അപ്പനെയും,അമ്മയെയും ബഹുമാനിക്കണം എന്ന ബൈബിള്‍ വാക്യം കാറ്റില്‍ പറത്തിയാണ് അനുവാചകരെ ഇവര്‍ ആവേശം കൊള്ളിച്ചത്.ഇങ്ങിനെയുള്ള നേതാക്കന്മാര്‍ പടുത്തുയര്‍ത്തുന്ന കപടമതത്തിന്റെ നടുച്ചുവര്‍ ഇടിച്ചുകളയാന്‍ സമയമായി. അന്തോക്ക്യായെ മറക്കില്ല എന്നല്ല "ക്രിസ്തുവിനെ ഞങ്ങള്‍ മറക്കില്ല"എന്ന് വിളിച്ചു പറയിക്കാന്‍ സുറിയാനി ക്രിസ്ത്യാനികളുടെ കപടനേതാക്കന്മാര്‍ക്ക് കഴിഞ്ഞില്ല.കക്ഷി വഴക്കിന്റെ പേരില്‍ വിശ്വാസികളെ തമ്മില്‍ തല്ലിക്കുന്ന നേതാക്കളുടെ തന്ത്രങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്ങില്‍ കക്ഷി വഴക്കിന്റെ പേരില്‍ ഇവര്‍ കോടതി കയറിയിറങ്ങേണ്ടി വരുമായിരുന്നില്ല.ഇവരല്ലേ ആടുകളുടെ വേഷം പൂണ്ട കൊടിയ ചെന്നായ്ക്കള്‍. അംശവടിയും, കൊടയും,കുരിശും കൊണ്ട്  സ്വര്‍ഗ്ഗത്തിലും വാണരുളാം എന്നിവര്‍ വിശ്വസിക്കുന്നു എങ്കില്‍ അയ്യോ കഷ്ട്ടം.ബൈബിള്‍ പറയുന്നപോലെ ഇവരുടെ മന്ത്രപട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കു ന്നു,അത്താഴത്തില്‍ പ്രധാന സ്ഥലവും പള്ളിയില്‍ മുഖ്യാസനവും,അങ്ങാടിയില്‍ വന്ദനവും മനുഷ്യര്‍ റബ്ബീ എന്ന്  വിളിക്കുന്നതും ഇവര്‍ പ്രിയപ്പെടുന്നു.ഇതിനെല്ലാം ഓശാന പാടുവാന്‍ ഉപചാപകവൃന്ദങ്ങളും കണ്ടേക്കാം.

    ഒരു കവിളത്തടിച്ചാല്‍ മറ്റേ കവിളും കാണിച്ചുകൊടുക്കാന്‍ ഉപദേശം നല്‍കിയ ക്രിസ്തുവിന്റെ ശിഷ്യര്‍ക്ക് ഇതൊന്നും ഭൂഷണമല്ല.യേശു ക്രിസ്തുവിന്റെ സാമ്രാജ്യം സ്നേഹത്തിന്റെതാണ്,സെയ്ന്റ് ഹെലീന ദ്വീപില്‍ നാടുകടത്തപ്പെട്ട നെപ്പോളിയന്‍ ബോനപ്പാട്ട് വിളിച്ചുപറഞ്ഞു.ഞാനും കൈസരും സീസറും ഞങ്ങളുടെ ബുദ്ധികൊണ്ടും ശക്തികൊണ്ടും  സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തു എന്നാല്‍ ആ സാമ്രാജ്യങ്ങള്‍ എല്ലാം തകര്‍ന്നുപോയി.എന്നാല്‍ യേശു സ്നേഹം കൊണ്ട് സാമ്രാജ്യം സ്ഥാപിച്ചു അത് ഇന്നും നില നില്‍ക്കുന്നു.ലോകത്തില്‍ പ്രസിദ്ധമായ നാല് സാമ്രാജ്യങ്ങള്‍ ഉണ്ടായിരുന്നു.ബാബിലോണ്‍സാമ്രാജ്യം,ഗ്രീക്ക് സാമ്രാജ്യം,മേര്‍ധ്യപേര്‍ഷ്യ സാമ്രാജ്യം,റോമന്‍ സാമ്രാജ്യം എന്നാല്‍ ഈ നാല് സാമ്രാജ്യങ്ങളിലും പുകള്‍പെറ്റ സാമ്രാട്ടുകള്‍ ഭരിച്ചു എങ്കിലും ഇവയെല്ലാം ഒരു ഓര്‍മ്മയായി മാത്രം ഇന്ന് അവശേഷിക്കുന്നു.എന്നാല്‍ യേശുവിന്റെ സാമ്രാജ്യം അനേകര്‍ക്ക്‌ പ്രത്യാശയുടെ ചിറകുകള്‍ നല്‍കിക്കൊണ്ട് ഇന്നും ജൈത്രയാത്ര തുടരുന്നു.സ്വയം മനസ്സിലാക്കാന്‍ മനുഷ്യന്‍ തയ്യാറാകണം.ഗ്രീസിലെ ടെല്‍ഫി ക്ഷേത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ കൊത്തിവച്ചിരിക്കുന്ന വാചകം ഏഴാം നൂറ്റാണ്ടിലേതാണ് ."നീ നിന്നെ തന്നെ അറിയുക" വളരെ അര്‍ത്ഥവത്തായ വാചകമാണിത്.സ്വയം മനസ്സിലാക്കാന്‍ തയ്യാറാകാതെ അധ്യക്ഷന്മാര്‍ പറയുന്നതിനെ കണ്ണുമടച്ചു വിശ്വസിച്ച് ദൈവ കോപം വരുതിവയ്ക്കരുത്.ദൈവസഭയുടെ ആസ്ഥാനം അന്തോക്ക്യായോ,കോട്ടയത്തെദേവലോകമോ,റൊമോ,കുംബനാടോ,മുളക്കുഴയോ, തിരുവല്ലയോ അല്ല. ദൈവസഭയുടെ ആസ്ഥാനം സ്വര്‍ഗ്ഗം ആണെന്ന് പലരും മറന്നുപോകുന്നു.പാരമ്പര്യം പടച്ചുവിടുന്ന ദുരുപദേശങ്ങള്‍ ഒഴിവാക്കി ക്രിസ്തുപക്ഷത്തായി തീരുവാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുകയാണ്.ആരും ഒരു സംഘടനയുടെയും ഒരു പക്ഷത്തിന്റെയും വക്താക്കളായി മാറാതെ ദൈവസഭയുടെ വക്താക്കളായി മാറാം.ക്രിസ്തീയ സഭ കര്‍മ്മമാര്‍ഗ്ഗമല്ല,ക്രിസ്തീയസഭ വിശ്വാസ മാര്‍ഗ്ഗമാണ്.സുവിശേഷവിഹിത സഭകള്‍ അനുഷ്ട്ടാനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ ക്രിസ്തുവിലുള്ള വിശ്വാസമാര്‍ഗ്ഗത്താല്‍ മുന്നോട്ടുപോകുമ്പോള്‍,നാമധേയ സഭകള്‍ കര്‍മ്മമാര്‍ഗ്ഗത്തില്‍ മുഴുകി തെറ്റുകള്‍ ചെയ്യുന്നത് തുടര്‍ന്നു  കൊണ്ടിരിക്കുന്നു.എന്നാല്‍ മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടി ഒരു കര്‍മ്മവും ആവശ്യം ഇല്ലെന്നു ബൈബിള്‍ പറയുന്നു.പൗലോസ്‌ശ്ലീഹ എഴുതിയതുപോലെ ക്രുശിക്കപ്പെട്ടവനായ ക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയില്‍ ഇരിക്കണമെന്ന്  ഞാന്‍ നിര്‍ണ്ണയിച്ചു.നമുക്കും ക്രിസ്തുവിനെ മാത്രം അറിയുന്നവരായിരിക്കാം.ഒരു സംഘടനയോ,പുരോഹിതനോ,പാസ്റ്ററോ നമുക്കുവേണ്ടി മരിച്ചില്ല.എന്നാല്‍ യേശു മനുഷ്യന്റെ പാപത്തിനുവേണ്ടി മരിച്ചു,ഉയിര്‍ത്തെഴുന്നേറ്റു.ഇനി തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടി വാനമേഘത്തില്‍ അവന്‍ വീണ്ടും വരും അതിനായ് ഒരുങ്ങുവാന്‍ ഏവര്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു.  
  
Picture